നാട്ടുനടപ്പ്

യന്ത്രം കണക്കെ പണിയെടുത്തു നല്ല കാലം കഴിഞ്ഞു. പറക്കമുറ്റിയ കുഞ്ഞുങ്ങൾ കൊത്തിപ്പിരിഞ്ഞു പറന്നകന്നു. തുണയായിരുന്നവനും കാലത്തിനു മുമ്പേ നടന്നകുന്നു.

കാലുകൾ എന്നേയ്ക്കുമായി ഹർത്താൽ പ്രഖ്യാപിച്ചു. ചിന്തകൾ വാക്കുകളോട് അയിത്തം കല്പിച്ചു. കണ്ണുകൾ മുഖത്തൊരു കൗതുകവസ്തു മാത്രമായി.നല്ലതും തീയതും വേർതിരിച്ചിരുന്ന കാതുകൾ വരണ്ടു പോയി. കൈപ്പുണ്യത്തിനു തുണയായിരുന്ന രസമുകുളങ്ങൾ വറ്റിപ്പോയി.

അമ്മയെ നോക്കിയിരുന്നാൽ മാസാവസാനം കിട്ടുന്ന കെട്ടിന്റെ ഘനം കുറഞ്ഞുപോകും എന്ന് തോന്നിയപ്പോൾ  കൂലിയ്ക്കാളെ വച്ചു. അമ്മയുടെ സുഖത്തേക്കാൾ നഴ്സിന്റെ സൗകര്യങ്ങൾക്ക് മുന്തൂക്കം കൊടുത്തു. നാട്ടുനടപ്പും അതാണല്ലോ.

മറുപടിയില്ലാതായപ്പോൾ, ആയിരം വട്ടം മടികൂടാതെ ആദ്യാക്ഷരം​ ചൊല്ലിത്തന്നതു സൗകര്യപൂർവ്വം മറന്ന്, ഒരു വട്ടം പോലും ഒന്നും മിണ്ടിയില്ല. കണക്കു കൂട്ടി തിരിച്ചു ചോദിക്കുന്ന ശീലം പണ്ടും ഉണ്ടായിരുന്നില്ലല്ലോ.പരിഭവങ്ങളും പരിദേവനങ്ങളും ഇല്ലാത്ത അമ്മ, ഒന്നുകൂടി ഉൾവലിഞ്ഞതുപോലെ മാത്രം തോന്നി.

മരണം കൂട്ടിക്കൊണ്ടു പോകാൻ  എത്തിയപ്പോൾ നാട്ടുനടപ്പനുസരിച്ച് മൂക്കിലും വായിലും ഒക്കെ കുഴലുകളിട്ട് അവനെ തടുത്തു. അതൊക്കെ തട്ടിത്തെറിപ്പിക്കാൻ ശ്രമിച്ച കൈകൾ   കെട്ടിയിട്ടു. പക്ഷേ മരണത്തെ തോൽപ്പിക്കാൻ നാട്ടുനടപ്പിനാവില്ലല്ലോ. അപ്പൊഴേക്കും നാട്ടുനടപ്പ് നടപ്പിലാക്കാൻ എന്റെ കുഞ്ഞുങ്ങൾ മൽസരം ആരംഭിച്ചു കഴിഞ്ഞിരുന്നു.

ചുളിവുകൾ

മുറ്റത്തെ ഉന്തുവണ്ടിയും  ഇസ്തിരി പെട്ടിക്കടിയിൽ ഞെളിപിരി കൊണ്ട് നടു നിവർത്തുന്ന വസ്ത്രങ്ങളും ആ ചെറിയ വീടും ഇന്നില്ല.   പകരം വർഷത്തിൽ ഒരിക്കൽ നാട്ടിൽ വരുമ്പോൾ  താമസിക്കാനുള്ള ഒരു അയ്യായിരം സ്ക്വയർ ഫീറ്റ് മണിമാളിക അവിടെ ഉയർന്നു.

എന്നും നിങ്ങൾക്ക് തിരക്കായിരുന്നു. എങ്ങോ ഓടി എത്താൻ വെമ്പുന്ന ആളുകൾ സ്വന്തം കുട്ടികളെ വളർത്തുന്നത് മുതൽ  ഔട്ട് സോഴ്സ് ചെയ്യുന്ന ഈ യുഗത്തിൽ എന്റെ സൗന്ദര്യവൽക്കരണം  നിങ്ങളെ ഏല്പിച്ചു. തിരക്കുകളുടെ അലസതയുടെ, അഹങ്കാരത്തിന്റെ കഥ പറയുന്ന പാന്റും ഷർട്ടും, സാരിയും ചുരിദാറും എല്ലാം നിന്റെ വിയർപ്പിന്റെ ചൂടിൽ നിവർന്നു മടങ്ങി. ഏല്പ്പിക്കുന്ന വസ്ത്രങ്ങൾ   തിരികെ നല്കുമ്പോൾ ഒരിക്കൽ പോലും മാറി പോവുകയോ കുറഞ്ഞു പോവുകയോ ചെയ്യാതെ,  ഉടയവനെയും ഉടയാടെയേയും നിങ്ങൾ കൂട്ടിമുട്ടിച്ചു.

ഞാനും ഭർത്താവും മാറി മാറി വസ്ത്രങ്ങൾ ഇസ്തിരി ഇടാൻ കൊണ്ടുവരുന്നുണ്ടായിരുന്നെങ്കിലും  ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരിക്കലും അവിടെ വന്നിട്ടില്ല. എങ്കിലും കൊണ്ടുവന്നിരുന്ന വസ്ത്രങ്ങളിലൂടെ ഞങ്ങളെ ബന്ധിപ്പിച്ചു.

നിങ്ങൾ അവിടെ ഇല്ലാത്ത സമയത്തും സംസാരം പുഞ്ചിരിയോടെ ഇറങ്ങി വന്നു  സംസാരം തുടങ്ങും, നാട്ടിൽ പഠിക്കുന്ന മക്കളെപറ്റിയും അവിടെ പണിയുന്ന വീടിനെപറ്റിയും ഒക്കെ.  അടുത്തെത്താറായ മഴക്കാലത്തെ പറ്റി പറയുമ്പോൾ മുഖത്ത് കാറ് കയറും. മുറ്റത്തും വീട്ടിലും വെള്ളം കയറുന്നത് കൊണ്ട് എല്ലാം കെട്ടിപ്പെറുക്കി നാട്ടിലേക്ക് പോകണം. ആ സമയം വരുമാനമില്ലാതെയാകും.

ഇസ്തിരി ഇട്ട് കിട്ടുക എന്നതിനപ്പുറം അതിന് പുറകിൽ ഉള്ള ആൾക്ക് പ്രസക്തി ഇല്ല. ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ.എങ്കിലും ഞാൻ കാറ് ഒതുക്കുമ്പോഴേക്കും ഇസ്തിരിയിട്ട വസ്ത്രങ്ങളടങ്ങിയ ബാഗുമായി കാറിനടുത്തേക്ക് ഓടി എത്തുന്നത് ഞാൻ മറക്കില്ല.

ഇന്ന് നിങ്ങൾ എവിടെയാണെന്ന് എനിക്കറിയില്ല.  എവിടെയാണെങ്കിലും മക്കളെ നല്ല നിലയിലെത്തിക്കുവാനും വീട് പൂർത്തിയാക്കാനും നിങ്ങൾക്ക് സാധിച്ചു എന്ന് എന്റെ ഉള്ളു പറയുന്നു.

അവൻ്റെ പ്രണയം

അവൻ്റെ പ്രണയവും ലോട്ടറി അടിക്കുന്നതും ഒരുപോലെയാണ്.എപ്പോ വേണമെങ്കിലും അത് സംഭവിക്കാം. പ്രായം, ലിംഗം, ജാതി, നിറം, ബാങ്ക് ബാലൻസ് ഇതിനൊക്കെ അതീതനായ പുരോഗമന വാദിയാണ് ഇഷ്ട്ടൻ.അവന്റെ റഡാറിന്റെ പരിധിയിലെത്തിയാൽ കാന്തത്തിന്റെ മുന്നിൽ പെട്ട സെയ്ഫ്റ്റി പിന്നിന്റെ അവസ്ഥ ആയിരിക്കും.

പെരുത്തിഷ്ട്ടമായാൽ അപ്പൊ വീഴും കഴുത്തിലൊരു രക്ത ഹാരം. ചിലരെ, മറ്റാരും കാണാതെ ഗന്ധർവനെപ്പോലെ വന്നു പ്രണയ പാരമ്യതയിലെത്തിച്ചിട്ടു മുങ്ങി കളയും. പിന്നെ ദിവസങ്ങളും വർഷങ്ങളും കാത്തുകാത്തിരുന്നുന്നാലും, കരഞ്ഞു വിളിച്ചാലും ആലുവാ മണപ്പുറപ്പത്തു കൊറിച്ച കപ്പലണ്ടി പൊതിഞ്ഞിരുന്ന കടലാസിനോടുള്ള പരിചയം പോലും ഭാവിക്കില്ല. കാണാമറയത്തിരുന്ന് വിരഹദു:ഖം ആവോളം കണ്ടാസ്വദിച്ചു കഴിയുമ്പോൾ ഇരു കൈയ്യും നീട്ടി
സ്വീകരിച്ചങ്ങു കൊണ്ട് പോകും. പിന്നെ ആർക്കും ഒരുനാളും വിട്ടുകൊടുക്കില്ല.

അവന്റെ പ്രണയച്ചുഴിയിൽ പെടാതെ ഒഴുകി അകലാൻ ആർക്കും ആകില്ല. അവനൊരുനാളും തന്നിൽ അനുരക്തനാവില്ലെന്നാണ് ചില വിനയാന്വിതരുടെ ധാരണ. പക്ഷേ, ജീവനുള്ളവരെയെല്ലാം അവൻ തന്റെ പ്രാണപ്രേയസികളാക്കും. ഇന്നല്ലെങ്കിൽ നാളെ.