നാട്ടുനടപ്പ്

യന്ത്രം കണക്കെ പണിയെടുത്തു നല്ല കാലം കഴിഞ്ഞു. പറക്കമുറ്റിയ കുഞ്ഞുങ്ങൾ കൊത്തിപ്പിരിഞ്ഞു പറന്നകന്നു. തുണയായിരുന്നവനും കാലത്തിനു മുമ്പേ നടന്നകുന്നു.

കാലുകൾ എന്നേയ്ക്കുമായി ഹർത്താൽ പ്രഖ്യാപിച്ചു. ചിന്തകൾ വാക്കുകളോട് അയിത്തം കല്പിച്ചു. കണ്ണുകൾ മുഖത്തൊരു കൗതുകവസ്തു മാത്രമായി.നല്ലതും തീയതും വേർതിരിച്ചിരുന്ന കാതുകൾ വരണ്ടു പോയി. കൈപ്പുണ്യത്തിനു തുണയായിരുന്ന രസമുകുളങ്ങൾ വറ്റിപ്പോയി.

അമ്മയെ നോക്കിയിരുന്നാൽ മാസാവസാനം കിട്ടുന്ന കെട്ടിന്റെ ഘനം കുറഞ്ഞുപോകും എന്ന് തോന്നിയപ്പോൾ  കൂലിയ്ക്കാളെ വച്ചു. അമ്മയുടെ സുഖത്തേക്കാൾ നഴ്സിന്റെ സൗകര്യങ്ങൾക്ക് മുന്തൂക്കം കൊടുത്തു. നാട്ടുനടപ്പും അതാണല്ലോ.

മറുപടിയില്ലാതായപ്പോൾ, ആയിരം വട്ടം മടികൂടാതെ ആദ്യാക്ഷരം​ ചൊല്ലിത്തന്നതു സൗകര്യപൂർവ്വം മറന്ന്, ഒരു വട്ടം പോലും ഒന്നും മിണ്ടിയില്ല. കണക്കു കൂട്ടി തിരിച്ചു ചോദിക്കുന്ന ശീലം പണ്ടും ഉണ്ടായിരുന്നില്ലല്ലോ.പരിഭവങ്ങളും പരിദേവനങ്ങളും ഇല്ലാത്ത അമ്മ, ഒന്നുകൂടി ഉൾവലിഞ്ഞതുപോലെ മാത്രം തോന്നി.

മരണം കൂട്ടിക്കൊണ്ടു പോകാൻ  എത്തിയപ്പോൾ നാട്ടുനടപ്പനുസരിച്ച് മൂക്കിലും വായിലും ഒക്കെ കുഴലുകളിട്ട് അവനെ തടുത്തു. അതൊക്കെ തട്ടിത്തെറിപ്പിക്കാൻ ശ്രമിച്ച കൈകൾ   കെട്ടിയിട്ടു. പക്ഷേ മരണത്തെ തോൽപ്പിക്കാൻ നാട്ടുനടപ്പിനാവില്ലല്ലോ. അപ്പൊഴേക്കും നാട്ടുനടപ്പ് നടപ്പിലാക്കാൻ എന്റെ കുഞ്ഞുങ്ങൾ മൽസരം ആരംഭിച്ചു കഴിഞ്ഞിരുന്നു.

Published by Anna kutty speaks

Recently discovered that life is not that complicated.

Leave a comment